കണ്ണൂര്‍: മെഡിക്കല്‍ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍നിന്ന് അനധികൃത ഫീസിനത്തില്‍ വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്കാന് മാനേജ്മെന്റ് വിസമ്മതിക്കുകയും കമ്മിറ്റി നിശ്ചയിച്ച ഹിയറിങ്ങുകള്‍ക്ക് വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫീസ് നിര്‍ണയ കമ്മിറ്റിയുടെ ഉത്തരവ്. നടപടിക്രമം പാലിക്കാത്തതിനാല്‍ 2016﹣17ല്‍ 150 വിദ്യാര്‍ഥികളുടെ പ്രവേശനം കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് മാനേജ്മെന്റ് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കമ്മിറ്റി തീരുമാനം അംഗീകരിക്കുന്ന ഉത്തരവാണ് കോടതിയിൽ നിന്നും ഉണ്ടായത്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രവേശനം സാധൂകരിക്കുന്ന ഓര്‍ഡിനന്‍സും പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തില്‍, മാനേജ്മെന്റ് വാങ്ങിയ ഫീസ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒൻപത് വിദ്യാര്‍ഥികള്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. വാര്‍ഷിക ഫീസ് പത്തുലക്ഷം ആയിരിക്കെ, മാനേജ്മെന്റ് 22 മുതല്‍ 41.17 ലക്ഷംവരെ ഈടാക്കിയതായി കമ്മിറ്റി കണ്ടെത്തി. ഇത്രയും ഭീമമായ തുക തലവരിപ്പണമായി മാത്രമേ കണക്കാക്കാന്‍ കഴിയൂയെന്ന് നിരീക്ഷിച്ച കമ്മിറ്റി തുക തിരികെ നല്കാന് നിര്‍ദേശിച്ചു. തലവരിക്ക് പുറമേ ചില വിദ്യാര്‍ഥികളില്‍നിന്ന് മാനേജ്മെന്റ് ബാങ്ക് ഗ്യാരന്റിയും വാങ്ങിയതായി കമ്മിറ്റി കണ്ടെത്തി. വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ തുകയ്ക്ക് സമാനമായ ഡിഡി നല്കാന് മാനേജ്മെന്റിന് നിര്‍ദേശം നല്കിയ കമ്മിറ്റി, തുടര്‍ ഹിയറിങ്ങുകള്‍ക്ക് ഹാജരാകാനും നിര്‍ദേശിച്ചു.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ പലര്‍ക്കും മറ്റ് കോളേജുകളില്‍ മെഡിക്കല്‍ പ്രവേശനം ലഭിച്ചതായും ഫീസ് അടയ്ക്കുന്നതിന് തുക എത്രയുംവേഗം തിരികെനല്‍കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഫീസ് തുകയുടെ ഒരുഭാഗമെങ്കിലും തിരികെനല്കാന് കമ്മിറ്റി നിര്‍ദേശിച്ചിട്ടും മാനേജ്മെന്റ് കൂട്ടാക്കിയില്ല. തുടര്‍ന്ന്, പകുതി തുക 27ന് തിരികെ നല്‍കണമെന്നും ഇതുസംബന്ധിച്ച സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കണമെന്നും കമ്മിറ്റി ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് സ്റ്റേറ്റ്മെന്റ് നല്‍കിയില്ലെന്ന് മാത്രമല്ല, 27ന്നടത്താനിരുന്ന ഹിയറിങ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അഫിലിയേഷന് ഒരുവര്‍ഷത്തേക്ക് റദ്ദാക്കാന്‍ കമ്മിറ്റി ആരോഗ്യ സര്‍വകലാശാലയോട് ഉത്തരവിട്ടത്.
Kerala, News
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ ശുപാർശ
Previous Articleകണ്ണൂർ മാങ്ങാട്ട് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു