
കണ്ണൂര്‍: നിര്‍ദ്ദിഷ്ട കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്മെന്റ് പുന:പരിശോധിക്കണമെന്ന് ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ബൈപ്പാസിനെ കുറിച്ച് പരിസ്ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട് വച്ച ആശങ്കകള്‍ ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബൈപാസ് സ്ഥാപിക്കുമ്പോൾ പ്രദേശത്തെ വയലുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കീഴാറ്റൂരിലെ ‘വയല്‍ക്കിളികള്‍’ എന്ന സംഘടന സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സംഘത്തിന്റേത്.വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയപാത അതോറിറ്റി ഡയറക്ടര്‍ നിര്‍മല്‍ സാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് മേഖലാ മേധാവി എം.എസ്.ഷീബ എന്നിവരാണ് ഉണ്ടായിരുന്നത്.പാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാന്‍. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്.താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. കീഴാറ്റൂരിലെ തോടിന്റെ ഒഴുക്കിന് ഭംഗം വരാത്ത രീതിയില്‍ അലൈന്മെന്റ് മാറ്റണം.പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.