തിരുവനന്തപുരം:ഡബിൾ ഹോഴ്സിന്റെ അരിയിൽ മായം കലർന്നതായി സർക്കാരിന്റെ പരിശോധന റിപ്പോർട്ട്.പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡബിൾ ഹോഴ്സിന്റെ 15343 എന്ന ബാച്ചിലാണ് മായം കണ്ടെത്തിയത്. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡബിൾ ഹോഴ്സിന്റെ മട്ട ഉണക്കലരി കഴുകുമ്പോൾ ബ്രൗൺ നിറം മാറി വെള്ളനിറമാകുന്നതായി കാണിച്ച് തിരുവനന്തപുരം സ്വദേശിനി ജെസി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നാം തവണ കഴുകുമ്പോഴേക്കും വെള്ള നിറത്തിലാകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദേശപ്രകാരം അരിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക് അയക്കുകയായിരുന്നു.