Kerala, News

ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി

keralanews the thalassery police arrested two persons from kasargod who steal oxygen cylinders from hospitals

തലശ്ശേരി:ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശി പി. ദാമോദര്‍ ഭട്ട് (48), പാപ്പിനിശ്ശേരി സ്വദേശി ടി.പി രാജേഷ്(24) എന്നിവരെയാണ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, മിഷന്‍ ആശുപത്രി, ജോസ്ഗിരി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇന്ദിരാഗാന്ധി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തു.  തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന മധു മേനോന്‍ എന്നയാളുടെ ഏജന്‍സിയില്‍ രാജേഷ് നേരത്തെ ജോലി ചെയ്തിരുന്നു. ജോലിയില്‍ കൃത്യനിഷ്ട പാലിക്കാത്തതിനാല്‍ രാജേഷിനെ ജോലിയില്‍നിന്നു ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കുന്നതിനാണ് ആശുപത്രികളില്‍നിന്നു കാലിയായ ഓക്സിജന്‍ സിലിണ്ടറിനൊപ്പം പൂര്‍ണമായി നിറച്ച സിലിണ്ടറുകളും തന്ത്രപരമായി ഇവര്‍ മോഷ്ടിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.

Previous ArticleNext Article