ഒരു വാഹനം ഓടിക്കണമെങ്കിൽ നിർബന്ധമായും നമുക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.എന്നാല്‍ പലപ്പോഴും കാലാവധി കഴിഞ്ഞാണ് ലൈസൻസ് പുതുക്കുന്ന കാര്യത്തെപ്പറ്റി പലരും ഓർക്കുക. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാനുമിടയില്ല. ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവയുടെ കാലാവധി എത്രയെന്നും പുതുക്കുന്നതെങ്ങനെയെന്നുമൊക്കെ നോക്കാം.നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ തീർച്ചയായും ഇത് പുതുക്കണം.നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷവും അല്ലാത്തവർക്ക് 20 വർഷം അല്ലെങ്കിൽ 50 വയസുവരെ ആണ്.അപേക്ഷ നല്കുന്നതിനാവശ്യമായ ഫോം RTO വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ RTO ഓഫീസിൽ നിന്നും വാങ്ങുകയോ ചെയ്യാം.ഇത് പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം RTO ഓഫീസിൽ നൽകണം.മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A), നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം,തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക.
500 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.