ന്യൂഡൽഹി:ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായി സുപ്രീം കോർട്ട് കോളേജിയം നിർദേശിച്ച ജഡ്ജിയുടെ പേര് മോഡി ഗവണ്മെന്റ് തള്ളി.2004 മുതൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജായിരുന്ന അനിരുദ്ധ ബോസിന്റെ പേരാണ് സുപ്രീംകോർട്ട് കോളേജിയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിർദേശിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസ് 2004 മുതൽ കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്നെങ്കിലും ഡെൽഹിപോലെ പ്രാധാന്യമുള്ള ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവി വഹിക്കാനുള്ള പരിചയം അദ്ദേഹത്തിനില്ല എന്നതാണ് ജസ്റ്റിസ് അനിരുദ്ധിന്റെ പേര് തള്ളിക്കളയാൻ ഗവന്മെന്റ് വ്യക്തമാക്കുന്ന കാരണം.ജസ്റ്റിസ് അനിരുദ്ധിന്റെ പേരിനു പകരമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് മറ്റൊരു പേര് നിർദ്ദേശിക്കാനും ഗവണ്മെന്റ് സുപ്രീം കോർട്ട് കോളീജിയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഡൽഹി ഹൈക്കോടതിയിൽ ഒരു മുഴുവൻ സമയ ചീഫ് ജസ്റ്റിസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം പരിചയക്കുറവുണ്ടെന്ന കാരണത്താൽ ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ പേര് നിരസിച്ച സർക്കാർ ഡൽഹി ഹൈകോർട്ട് ചീഫ് ജസ്റ്റിസായിരുന്ന പലരും നേരത്തെ മറ്റു കോടതികളിൽ മുതിർന്ന ജഡ്ജസായിരുന്നെന്ന കാര്യം സൗകര്യപൂർവം മറക്കുകയാണ്.ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി നേരത്തെ ആന്ധ്രാപ്രദേശ് ഹൈകോർട്ട് ജഡ്ജായിരുന്നു.അതുപോലെ തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായിരുന്ന ജസ്റ്റിസ് എൻ.വി രാമണ്ണയും മുൻപ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജായിരുന്നു.അതേസമയം ഗവണ്മെന്റിന്റെ എതിർപ്പ് പരിഗണിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസിനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള നിർദേശം സുപ്രീം കോടതി കൊളീജിയം പിൻവലിക്കുമെന്നാണ് സൂചന. ഇക്കാര്യം കൊളീജിയം ഉടൻ ചർച്ച ചെയ്യുകയും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.