ന്യൂഡൽഹി:ദത്തെടുക്കൽ അംഗീകരിക്കുന്നതിന് അധികാരപ്പെട്ട അതോറിറ്റിയായി ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം.വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം അംഗീകാരത്തിനായി ബുധനാഴ്ച ക്യാബിനറ്റിന് മുന്നിൽ സമർപ്പിച്ചു.മജിസ്ട്രേറ്റിന്റെ അധികാരപ്പെടുത്തുന്നതിലൂടെ നിലവിൽ ദത്തെടുക്കൽ പ്രക്രിയയ്ക്ക് ആവശ്യമായി വരുന്ന കാലതാമസവും ചിലവും പരിഹിക്കപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ സിവിൽ കോടതിക്കാണ് ദത്തെടുക്കൽ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം.എന്നാൽ സിവിൽ കോടതികളിൽ ധാരാളം കേസുകൾ നിലവിൽ കെട്ടിക്കിടക്കുന്നുണ്ട്.അതുകൊണ്ടു തന്നെ അഡോപ്ഷൻ സംബന്ധിച്ചുള്ള കേസുകൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.ഇത്തരം കേസുകൾ വർഷങ്ങളായി കോടതിയിൽ തീർപ്പാകാതെ കിടക്കുന്നുണ്ടെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ശിശുക്ഷേമ സമിതികളും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് മേനക ഗാന്ധി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. മദർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ശിശുക്ഷേമ ഭവനങ്ങളിലും പരിശോധന നടത്താനും സംസ്ഥാന ഗവണ്മെന്റുകൾക്ക് മന്ത്രി നിർദേശം നൽകി.