കോഴിക്കോട്:നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ചത് വഴി രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. കോഴിക്കോട് ഒഴിവ് വന്ന തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്ന കോഴിക്കോട് ചെമ്ബനോട സ്വദേശി ലിനി മെയ് 20 നാണു നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടയുന്നത്.കോഴിക്കോട് നിപ്പ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത സാബിത്തിനെ പരിചരിച്ചത് ലിനി ആയിരുന്നു.ഇതിലൂടെയാണ് ലിനിക്ക് രോഗബാധ ഉണ്ടായത്.നിപ്പ ഭീതിവിതച്ച സമയത്ത് മരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം പോലും വീട്ടുകാര്‍ക്ക് വിട്ട് നല്‍കിയിരുന്നില്ല. ലിനിയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ വാഗ്ദാനമായിരുന്നു ഭര്‍ത്താവിന് ജോലി എന്നത്.