Kerala, News

ജെസ്‌നയുടെ തിരോധാനം;അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന

keralanews disappearance of jesna enquiry will focus on six young men

കോട്ടയം:കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയെ കുറിച്ചുള്ള അന്വേഷണം ആറ്‌ യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന.ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് അന്വേഷണം മുണ്ടക്കയത്തുള്ള ആറ് യുവാക്കളിലേക്ക് തിരിയാന്‍ കാരണം.ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.അതേസമയം കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മില്‍ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്ന് ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങള്‍ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതിനിടെ ഇടുക്കി വെള്ളത്തൂവലിൽ കഴിഞ്ഞയാഴ്ച  പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിടൂ.

Previous ArticleNext Article