ബാങ്കോക്ക്:തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു. മനുഷ്യശക്തിയും ദൃഢനിശ്ചയവും കൈകോര്‍ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും കൊച്ചിനെയും ഇന്നലെ പുറത്തെത്തിച്ചു.കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ പതിനെട്ടാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്സിജന്‍ മാസ്ക് അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്.പരിശീലകനെയാണ് ഒടുവില്‍ പുറത്തെത്തിച്ചത്. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്ക്കും ശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്ന് തായ്ലന്ഡ് പൊതുഭരണമന്ത്രി അറിയിച്ചു. രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു.കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്.കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ് കാണാന്‍ അനുവദിച്ചത്. ഞായറാഴ്ച റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ കാണാൻ കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്ച നടക്കാനിടയില്ല.