വയനാട്:കനത്ത മഴയിൽ വയനാട് ജില്ലയിൽ വ്യാപകമായ നാശനഷ്ടം.ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. മണിയങ്കോട് കെ എസ് ഇ ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.അതിനിടെ കനത്ത മഴയില്‍ മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.