കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന് പറഞ്ഞിരുന്നു.കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതു കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു സൂചന.മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ഥിയാണു മുഹമ്മദ്. ഇയാളും കുടുംബവും കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. സഹോദരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറി.