ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ മുൻ നാവിക സേനാ ഉദ്യോഗസ്ഥനും മുങ്ങല്‍ വിദഗ്ദ്ധനുമായ സമാൻ ഗുണാൻ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിടെ ആണ് മരണം സംഭവിച്ചത്.ഗുഹയില്‍ ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ച് മടങ്ങുമ്ബോഴായിരുന്നു അപകടം .ഗുഹയ്ക്കുള്ളില്‍ ഓക്സിജന്‍ കുറഞ്ഞതുകൊണ്ടാണ് സമാന്‍ കുഴഞ്ഞുവീണത്. ഇതേതുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് പുറത്ത് നിന്ന് ഓക്സിജന്‍ പമ്പ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഗുഹയ്ക്കുള്ളില്‍ വെള്ളവും ചെളിയും കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കിയിട്ടുണ്ട്. കോച്ചിന്റെയും ചില കുട്ടികളുടെയും ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നിലവിലെ സാഹചര്യം അനുസരിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളം കുറയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. കുട്ടികളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയിട്ടെ അവരെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുവെന്ന് തായ്‌ലൻഡ് ഭരണകൂടം അറിയിച്ചു. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ റിപ്പോർട്ട് രക്ഷാപ്രവർത്തകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ജലനിരപ്പോൾ ഇപ്പോൾ നാല്പതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.എന്നാൽ മഴപെയ്താൽ ജലനിരപ്പ് വീണ്ടും കൂടും. ഗുഹാമുഖത്തു നിന്നും നാലര കിലോമീറ്റർ ഉള്ളിലാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്.ഇവർക്കൊപ്പം മെഡിക്കൽ സംഘവും മുങ്ങൽ വിദഗ്ദ്ധരും കൗൺസിലർമാരും ഉണ്ട്.മഴപെയ്യാതിരുന്നാൽ കുട്ടികൾക്ക് നടന്നുതന്നെ പുറത്തെത്താൻ കഴിയുമെന്നാണ് സൂചന.ജൂൺ 23 നാണ് ഫുട്ബോൾ സംഘത്തിലെ പന്ത്രണ്ടുപേരും കോച്ചും ഗുഹയിൽ കുടുങ്ങിയത്.