കോട്ടയം:രാത്രികാല പട്രോളിംഗ് ഡ്യുട്ടിക്കിടെ പോലീസുകാരൻ വാഹനമിടിച്ച് മരിച്ചു.കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്(43) ആണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം നിയന്ത്രണംവിട്ട് പാഞ്ഞു വന്ന ആഡംബര ബൈക്ക് അജേഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസ്റ്റാന്റിലും പരിസരത്തും പരിശോധന നടത്താനാണ് അജേഷും സിവിൽ പോലീസ് ഓഫീസറായ ബിനോയിയും സ്കൂട്ടറിൽ നാഗമ്പടത്ത് എത്തിയത്.പുലർച്ചെ റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നും അമിത വേഗതയിൽ വരികയായിരുന്ന ബൈക്കിനു പരിശോധനയുടെ ഭാഗമായി അജേഷ് കൈകാണിച്ചു.എന്നാൽ നിർത്താതെ പാഞ്ഞെത്തിയ ബൈക്ക് അജേഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അജേഷിന്റെ തല സമീപത്തെ എയ്ഡ് പോസ്റ്റിൽ ഇടിച്ചു. ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ആഡംബര ബൈക്ക് നൂറുമീറ്റർ മാറി റോഡിൽ മറിഞ്ഞു.ഓടിയെത്തിയ യാത്രക്കാർ ബൈക്ക് ഓടിച്ച പുത്തൻ പറമ്പിൽ സിനിൽ ബിജുവിനെ(21) പിടിക്കൂടി.പരിക്കേറ്റ അജേഷിനെ പോലീസ് സംഘം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് ഓടിച്ചിരുന്ന സിനിൽ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കടത്തുരുത്തി പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.
അജേഷിന്റെ മരണത്തോടെ കൃത്യനിർവഹണത്തിനിടെ കർമനിരതനായ ഒരു പോലീസ് ഓഫീസറെ കൂടിയാണ് കേരളാപോലീസിനു നഷ്ടമായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കർമ്മമണ്ഡലം വെല്ലുവിളി നിറഞ്ഞതും അപകടസാധ്യതയേറിയതും ആണെന്ന് ഈ ദുരന്തം വീണ്ടും ഓർമിപ്പിക്കുകയാണ്.കോട്ടയം പാമ്പാടി സ്വദേശിയായ അജേഷ് 2000 ഇൽ കേരളാ ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനിലൂടെയാണ് സേനയിൽ പ്രവേശിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ ജില്ലാ പോലീസ് മേധാവി ആർ.ഹരിശങ്കർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,അജേഷിന്റെ സഹപ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.മൃതദേഹം പാമ്പാടി എസ്എൻഡിപി പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.ഭാര്യ:സിനി.