കണ്ണൂർ:സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി.ചെമ്പിലോട് ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസ്സാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയി എന്ന കാരണത്താൽ ചക്കരക്കൽ എസ്ഐ ബിജുവും സംഘവും ഇന്നലെ രാവിലെ തടഞ്ഞു വെച്ചത്.ഡ്രൈവറുടെ ലൈസൻസും പോലീസ് പിടിച്ചെടുത്തു.തങ്ങൾക്ക് സമയത്ത് സ്ക്കൂളിൽ എത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികളെ പോലീസ് വാഹനത്തിലും മറ്റു ബസ്സുകളിലുമായി സ്കൂളിലെത്തിച്ചു.എന്നാൽ സ്കൂൾ ബസിലുണ്ടായിരുന്ന അദ്ധ്യാപകരും കുറച്ച് വിദ്യാർത്ഥികളും ബസ്സ് വിട്ടുകിട്ടിയാൽ മാത്രമേ പോവുകയുളൂ എന്ന് പറഞ്ഞു.ഇതേ തുടർന്ന് പോലീസ് സ്കൂൾ ബസ്സിൽ തന്നെ ഇവരെ സ്കൂളിലെത്തിച്ചു.ശേഷം ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.എന്നാൽ പോലീസ് തങ്ങളെ വഴിയിലിറക്കി വിടുകയായിരുന്നു എന്ന പരാതിയുമായി ഉച്ചയോടെ വിദ്യാർത്ഥികളും അധ്യാപകരും കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തി.60 വിദ്യാർഥികൾ ഒപ്പിട്ട പരാതി ഡിവൈഎസ്പി സദാനന്ദന് കൈമാറി.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെത്തുടർന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും മടങ്ങിപ്പോയത്.അതേസമയം വിദ്യാർത്ഥികളെ റോഡിൽ ഇറക്കി വിട്ടിട്ടില്ലെന്നും നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ചക്കരക്കൽ എസ്ഐ ബിജു പറഞ്ഞു.48സീറ്റുള്ള ബസിന്റെ 10 സീറ്റുകൾ എടുത്തുമാറ്റിയ നിലയിലായിരുന്നു.38 സീറ്റുള്ള ബസ്സിൽ ഉണ്ടായിരുന്നത് 126 വിദ്യാർത്ഥികളായിരുന്നു.കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് കണ്ടാണ് വാഹനം തടഞ്ഞത്.ഡ്രൈവറുടെ ലൈസൻസ് വാങ്ങിവെച്ച് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനാണ് ശ്രമിച്ചത്.എന്നാൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ കുട്ടികളെ പോലീസ് വാഹനത്തിലും മറ്റു വാഹനങ്ങളിലുമായി സ്കൂളിൽ എത്തിക്കുകയായിരുന്നു.എന്നാൽ മറ്റു വാഹനങ്ങളിൽ പോകാൻ തയ്യാറാകാതിരുന്ന കുറച്ചു കുട്ടികളെയും അദ്ധ്യാപകരെയും സ്കൂൾ ബസ്സിൽ തന്നെ സ്ക്കൂളിൽ എത്തിച്ച ശേഷമാണ് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തതെന്നും എസ്ഐ ബിജു പറഞ്ഞു.അതേസമയം കസ്റ്റഡിയിലെടുത്ത ഡ്രൈവറെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്കൂളിലെ മറ്റു ഡ്രൈവർമാരും സ്റ്റേഷനിലെത്തി.സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് 13 ഡ്രൈവർമാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ തങ്ങൾ ബസ്സിൽ കുട്ടികളെ കുത്തിനിറച്ചിട്ടില്ലായിരുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപിക എം.സി മൃദുല പറഞ്ഞു.45 സീറ്റുള്ള ബസ്സിൽ 60 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കുട്ടികളെ വഴിയിൽ ഇറക്കി വിടരുതെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് മറ്റു വാഹനങ്ങളിൽ ഇവരെ സ്കൂളിലെത്തിച്ചതെന്നും പ്രധാനാധ്യാപിക പറഞ്ഞു.പോലീസുകാർ പെൺകുട്ടികളോട് മോശമായി സംസാരിച്ചതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിട്ടുള്ളതായും ഇവർ പറഞ്ഞു.
Kerala, News
സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി
Previous Articleഅഭിമന്യു വധം;നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ