ന്യൂഡൽഹി:കൈലാഷ് മാനസസരോവർ യാത്രയ്‌ക്കെത്തിയ ആയിരത്തോളം ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു.ഇവരിൽ 40 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്.വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയിൽ മഞ്ഞുമലയിൽ ഉരുൾപൊട്ടലുണ്ടായതാണ് യാത്രയ്ക്ക് തടസ്സമായത്.നേപ്പാളിന്റെ സഹായത്തോടെ തീർത്ഥാടകരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരിൽ 290 പേരും കര്‍ണാടകക്കാരാണ്. കര്‍ണാടകയില്‍ നിന്നുള്ള 290 തീര്‍ഥയാത്രികരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കണമെന്ന് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചൈന അതിര്‍ത്തിയിലും നേപ്പാളിലെ സിമിക്കോട്ടിലും കുടുങ്ങിപ്പോയ 40 മലയാളി തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരള സര്‍ക്കാരിന് ലഭിച്ച വിവരമനുസരിച്ച് 36 പേര്‍ ചൈന അതിര്‍ത്തിയിലെ ഹില്‍സയിലും നാലുപേര്‍ നേപ്പാളിലെ സിമിക്കോട്ടിലുമാണ് കുടുങ്ങിയിരിക്കുന്നത്.