
മട്ടന്നൂർ:ഞായറാഴ്ച വൈകുന്നേരം മട്ടന്നൂർ നഗരമധ്യത്തിൽ സിപിഎം പ്രവർത്തകരെ കാർ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.അക്രമത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പുലിയങ്ങോട് ഇടവേലിക്കൽ സ്വദേശികളായ പി.ലെനീഷ്,സഹോദരൻ പി.ലതീഷ്, ആർ.സായുഷ്,എൻ.ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ അക്രമി സംഘം കാർ തടഞ്ഞു നിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം ഇവർ ബൈക്കിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.അക്രമികൾ ഉപേക്ഷിച്ച ഒരു ബൈക്കും വാളും പോലീസ് കണ്ടെടുത്തു.ഇവ ഫോറൻസിക് വിഭാഗം പരിശോധിക്കും.