Food

കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്

keralanews report that dangerous chemicals contained in kinder chokolates

കൊച്ചി:കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ബ്രാൻഡായ കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്.യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയാണ് പ്രമുഖ ഇറ്റാലിയൻ കമ്പനിയായ ഫെറേറയുടെ കിൻഡർ ചോക്കലേറ്റുകളിൽ കാൻസറിന്‌ കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഉള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവർ നടത്തിയിരിക്കുന്ന പരിശോധനയിൽ കിൻഡർ ബ്രാൻഡിൽ അടങ്ങിയിരിക്കുന്ന മിനറൽ ഓയിലിലെ ആരോമാറ്റിക് ഹൈഡ്രോ കാർബൺ ക്യാൻസറിന് കാരണമായേക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോക്കലേറ്റ് നിർമാണത്തിൽ പ്രമുഖ സ്ഥാനമുള്ള ഫെറേറ കമ്പനി ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.മുൻപ് ജർമൻ കൺസ്യൂമർ ഗ്രൂപ്പും ഇത്തരത്തിൽ കണ്ടെത്തൽ നടത്തിയിരുന്നു.ഇതിനെ തുടർന്ന് ഇവരുടെ യൂറോപ്യൻ മാർക്കറ്റിൽ വൻ ഇടിവാണ് ഉണ്ടായത്.യൂറോപ്യൻ രാജ്യങ്ങൾ പലതും ഇതിനോടകം തന്നെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. പുതിയ സർവ്വേ നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നാണെന്നുള്ളതും അടുത്ത സാമ്പത്തിക പാദത്തിൽ വൻ നേട്ടം പ്രതീക്ഷിക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുഎഇയും ഇവരുടെ ഉൽപ്പന്നങ്ങൾ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി കഴിഞ്ഞു.ഫലം എതിരായാൽ വിപണിയിൽ നിന്നും ഉൽപ്പനങ്ങൾ പിൻവലിക്കുമെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്നും യു എ ഇ ഭരണകൂടം വ്യക്തമാക്കി. 12 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഫെറാറ 2008 മുതൽ കിൻഡർ ജോയ് എന്ന പേരിൽ ചോക്കലേറ്റ് വിപണിയിലെത്തിച്ചു.കുട്ടികളുടെ പ്രിയപ്പെട്ട ചോക്ക്ളേറ്റുകളിൽ ഒന്നാണിത്.എന്നാൽ ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷവും ഇത് സംബന്ധിച്ചുള്ള ഒരു പരിശോധനയ്ക്കും ഇന്ത്യ ഗവണ്മെന്റ് നിർദേശം നൽകിയിട്ടില്ല.

Previous ArticleNext Article