കാസർകോഡ്:എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എഫ്എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിൽ സ്‌കൂള്‍ വിടാത്തതിനെ തുടര്‍ന്ന് പഠിപ്പുമുടക്കിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെയും പ്രധാനാധ്യാപകനെയും ഓഫീസില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളാണ് പരപ്പ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കെ. സുരേഷിനെയും ഹെഡ്മാസ്റ്റര്‍ കെ.എ. ബാബു എന്നിവരെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടത്.രാവിലെ 9.30 മണിയോടെ മുദ്രാവാക്യം വിളിച്ചു സ്‌കൂള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകരായ രണ്ടുപേരെയും പൂട്ടിയിടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരപ്പ സ്‌കൂളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പി.ടി.എ കമ്മിറ്റി വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ. നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ബന്ദ് സ്‌കൂളില്‍ അനുവദിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പാള്‍ കെ.സുരേഷ് പറയുന്നത്. തുടർന്ന് ഉച്ചയ്ക്ക് 2.45 മണിയോടെ പോലീസ് നിര്‍ദേശ പ്രകാരം പിടിഎ കമ്മിറ്റി യോഗം ചേരുകയും സ്‌കൂള്‍ വിടാന്‍ പ്രിന്‍സിപ്പാളിനോടും ഹെഡ്മാസ്റ്ററോടും നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിട്ടതിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Kerala, News
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;സ്കൂൾ വിടാത്തതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപകനെയും പൂട്ടിയിട്ടു
Previous Articleഅഭിമന്യുവിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു