കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.രണ്ടു നിലകളുള്ള പുതിയ ബ്ലോക്കിൽ 80 പേരെ വീതം പാർപ്പിക്കാനാകും.വാർദ്ധക്യത്തിലെത്തിയവരെയും അവശതകളുള്ളവരെയുമാണ് താഴത്തെ നിലയിൽ പാർപ്പിക്കുക.840 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 1100 പേരാണുള്ളത്.പുതിയ ബ്ലോക്ക് തുറന്നതോടെ ഇതിനു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തേവാസികൾക്കായി കട്ടിൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.1.75 കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ജയിൽ ഓഫീസ് 72 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.കൂടാതെ ജയിലിലെ അടുക്കളയും 65 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.20 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കുടിവെള്ള പ്ലാന്റിന്റെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിൽ തടവുകാർക്കായി 9 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തടവുകാർക്കായി മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സാണ് ഇവിടെ നൽകുക.ഇഗ്നോ വടകര കേന്ദ്രമാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുക. കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലായി ഇപ്പോൾ ചപ്പാത്തി വിൽക്കുന്ന സ്ഥലത്തിനടുത്തായി ആരംഭിക്കുന്ന ജയിൽ വക ഹോട്ടലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.തടവുകാർക്ക് യോഗ പരിശീലനത്തിനും കായിക പരിശീലനത്തിനുമായുള്ള യോഗ ഹാൾ കം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.കൂടാതെ ചീമേനി തുറന്ന ജയിലിൽ നിർമിക്കുന്ന പുതിയ ബാരക്കിന്റെയും ജയിൽ ഓഫീസ് കോംപ്ലെക്സിന്റെയും നിർമാണോൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിലെ അന്തേവാസികൾ നിർമിച്ച എ.ബി.സി.ഡി എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.