ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് സമയപരിധി നീട്ടിനല്‍കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിക്കല്‍ കാലാവധി നീട്ടിനല്‍കുന്നത്.നികുതിദാതാക്കള്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനൊപ്പം ആധാര്‍ നമ്പർ കൂടി ചേര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമം ഭേദഗതി ചെയ്തിരുന്നു. എല്ലാവരും പാന്‍ കാര്‍ഡ് എടുക്കണമെന്നും നിയമമുണ്ടാക്കി. പാന്‍ കാര്‍ഡ് ഉള്ളവര്‍ ഇത് ആധാറുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആധാര്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.മേയില്‍ ആധാര്‍ കേസുകളില്‍ വാദം അവസാനിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല.