Kerala, News

സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾക്കായി ഇന്ന് മുതൽ അപേക്ഷിക്കാം

keralanews application for new ration cards will be submitted from today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. പുതിയ റേഷന്‍ കാര്‍ഡിന് പുറമെ റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍ കാര്‍ഡില്‍ തെറ്റുതിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതിനും നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനും റേഷന്‍ കാര്‍ഡ് മറ്റ് സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനുമുള്ള അപേക്ഷകളും ഇന്ന് മുതൽ സ്വീകരിക്കും.ഈ മാസം 22 ആം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം പുറത്തിറക്കിയത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ www.civilsupplieskerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഇന്ന് മുതല്‍ താലൂക്ക് സപ്ലൈസ് ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് എന്നിവടങ്ങിലാണ് സ്വീകരിക്കുക.അപേക്ഷാ ഫോറങ്ങളുടെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും പഞ്ചായത്ത് ഓഫീസിലുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. കൂടീതെ താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിംഗ് ഓഫീസുകളിലും അപേക്ഷകര്‍ക്ക് ആവശ്യമെങ്കില്‍ അപേക്ഷാ ഫോറങ്ങള്‍ സൗജന്യമായി നല്‍കും. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അതോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി സമര്‍പ്പിക്കണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒട്ടിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തണം. മറ്റൊരു ഫോട്ടോ അപേക്ഷയോടൊപ്പം നല്‍കണം. പരിശോധനാ ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ പരിശോധിച്ച്‌ ഫോട്ടോയുടെ സത്യസന്ധത പരിശോധിക്കും.

Previous ArticleNext Article