പഴയങ്ങാടി:പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും 3.4 കിലോ സ്വർണ്ണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ.മാടായി പഞ്ചായത്ത് സ്വദേശികളായ രണ്ടുപേരാണ് പോലീസ് പിടിയിലുള്ളത്.ജൂൺ എട്ടിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജ്വല്ലറി ജീവനക്കാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.മോഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ പൊലീസിന് പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.പിന്നീട് മോഷ്ട്ടാക്കളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടതോടെയാണ് പലരും സംശയങ്ങളുമായി മുന്നോട്ട് വന്നത്.ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നാലെ പോയ കാറിനെ പറ്റിയുള്ള അന്വേഷണവും നിർണായകമായി. ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചും പിന്നീട് വിട്ടയച്ചും അധികം വൈകാതെ വീണ്ടും ചോദ്യം ചെയ്തതുമുൾപ്പെടെയുള്ള തന്ത്രം പോലീസ് പ്രയോഗിച്ചതോടെ പ്രതികൾക്ക് പിടിച്ചു നിൽക്കാനായില്ല.ചോദ്യം ചെയ്യലുകളിലെ മൊഴികളിലെ പരസ്പ്പര വൈരുധ്യം കണ്ടെത്തിയതോടെ ഇവരെ രഹസ്യാന്വേഷണ കേന്ദ്രത്തിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർ മാറിമാറി ചോദ്യം ചെയ്തു.ഇതോടെ ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചന.മോഷ്ടിച്ച സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.