കൊല്ലം: പെട്രോൾ പമ്പിനെതിരെ അപവാദ പ്രചരണം നടത്താൻ വീഡിയോ റെക്കോർഡ് ചെയത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് നിയമ നടപടികളിൽ പെടുമെന്ന് ഉറപ്പായതോടെ ക്ഷമാപണ വീഡയോയുമായി വീണ്ടും രംഗത്തെത്തി. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പെട്രോൾ പമ്പിൽ മായം കലർന്നിരിക്കുന്നു എന്ന് വരുത്തി തീർക്കാൻ രണ്ട് വ്യത്യസ്ത പമ്പുകളിൽ നിന്നും വാങ്ങിയത് എന്ന് അവകാശപ്പെട്ട ഡീസലിന്റെ നിറവ്യത്യാസം കാണിച്ചായിരുന്നു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. പെട്രോൾ, ഡീസൽ എന്നിവയുടെ നിറവ്യത്യാസം തികച്ചും സ്വാഭാവികമാണെന്നും സാന്ദ്രതയാണ് അടിസ്ഥാന ഗുണ പരിശോധനയായി കണക്കാകേണ്ടത് എന്ന വിദഗ്ദ്ധ അഭിപ്രായം വന്നതോടെ യുവാവ് വെട്ടിലായി. ഇതോടെ നിയമ നടപടികൾ സ്വീകരിക്കാൻ പമ്പുടമ തീരുമാനിച്ചതറിഞ്ഞ് യുവാവ് പരസ്യമായി മാപ്പ് പറഞ്ഞ് കൊണ്ട് വീണ്ടും രംഗത്തെത്തി.
സമൂഹമാദ്ധ്യമങ്ങളിൽ കൂടി പമ്പുകൾക്ക് എതിരെ അപവാദപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പുടമകൾ നിയമ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നതോടെ ഈ ആഴ്ചയിൽ തന്നെ രണ്ടാമത്തെ ക്ഷമാപണമാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.