കണ്ണൂർ:കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഏറെക്കാലമായി നിർത്തിവെച്ചിച്ചിരുന്ന ജന്റം വർക് ഷോപ്പിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു. രണ്ടുവർഷം മുൻപ് പണി തുടങ്ങിയിരുന്നെങ്കിലും കരാറുകാരന് പണം നൽകുന്നതിലെ കാലതാമസം മൂലം പണി ഇടയ്ക്കുവെച്ചു നിർത്തേണ്ടി വന്നിരുന്നു. കേന്ദ്രസർക്കാരിന്റെ ജന്റം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിലാണ് വർക്ക് ഷോപ് നിർമിക്കുന്നത്.പഴയ ജില്ലാ ട്രാൻസ്പോർട് ഓഫീസിന്റെ കെട്ടിടം പൊളിച്ചുമാറ്റി അവിടെയാണ് വർക്ക് ഷോപ്പ് നിർമിക്കുന്നത്.പണികൾ പെട്ടെന്ന് പുരോഗമിച്ചിരുന്നെങ്കിലും ബിൽതുക നൽകാത്തതിനെ തുടർന്ന് കരാറുകാർ പണി അവസാനിപ്പിക്കുകയായിരുന്നു.ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും കെഎസ്ആർടിസി എം.ഡി ടോമിൻ തച്ചങ്കരിയും ഡിപ്പോ സന്ദർശിച്ചപ്പോൾ അധികൃതർ ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് പ്രശ്നപരിഹാരം ഉണ്ടായത്.ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഇൻസ്പെക്ഷൻ പിറ്റ് നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.നാല് ഇൻസ്പെക്ഷൻ പിറ്റുകളാണ് നിർമിക്കുക.വർക്ഷോപ്പിന്റെ മേൽക്കൂര നിർമാണം നേരത്തെ പൂർത്തിയായിരുന്നു. വർക്ഷോപ്പിനോട് അനുബന്ധമായി മെക്കാനിക്കൽ ജീവനക്കാർക്കായുള്ള വിശ്രമമുറി,ഡിപ്പോ എൻജിനീയറുടെ കാര്യാലയം,സ്റ്റോർ എന്നിവയും നിർമിക്കും. നിർമാണം പൂർത്തിയാകുന്നതോടെ എട്ടു ബസ്സുകളുടെ അറ്റകുറ്റപ്പണി ഒരേ സമയം നടത്താൻ സാധ്യമാകും. ജില്ലാ ട്രാൻസ്പോർട് ഓഫീസ്,ജീവനക്കാരുടെ വിശ്രമമുറി തുടങ്ങിയവ ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണവും ഡിപ്പോയിൽ പുരോഗമിക്കുകയാണ്.2016 ഡിസംബറിൽ പണിതീരേണ്ടിയിരുന്ന കെട്ടിടമാണിത്.മുൻ എംഎൽഎ എ.പി അബ്ദുല്ല കുട്ടിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.