International, Kerala, News

ഓസ്‌ട്രേലിയയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

keralanews wife sentenced for 22 years and her boyfriend sentenced for 27 years in connection with the murder of malayalee in australia

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും വിക്ടോറിയ കോടതി ശിക്ഷ വിധിച്ചു. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. സാമിനെ സയനൈഡ് നല്‍കി കൊന്നു എന്ന അരുണിന്റെ കുറ്റസമ്മതമൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.2015 ഒക്ടോബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കൊല്ലം പുനലൂര്‍ സ്വദേശിയായ സാം എബ്രഹാമിനെ(34) മെല്‍ബണ്‍ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തനിക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വ്യക്തമായ പദ്ധതി തയ്യാറാക്കിയ ശേഷം അരുണ്‍ കമലാസനന്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഇരയാണ് സാം എന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഒഴിച്ചുകൊടുത്തതാകാം എന്നായിരുന്നു് ഫോറന്‍സിക് വിദഗ്ധരുടെയും നിരീക്ഷണം. അതിന് സാധുത നല്‍കുന്ന വെളിപ്പെടുത്തലുകളാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. എങ്ങനെയാണ് സാമിന്റെ വീട്ടില്‍ കടന്നതെന്ന കാര്യം ഉള്‍പ്പെടെ സ്‌കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അരുണ്‍ അതേക്കുറിച്ച്‌ പറയുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങും പോലീസ് കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പോലീസിനോട് കുറ്റസമ്മതം നടത്തിയ ഈ ഓഡിയോ ക്ലിപ്പായിരുന്നു പ്രധാന തെളിവായി കോടതി പരിഗണിച്ചത്.പോലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. അതേസമയം ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളില്‍ അരുണിന് എങ്ങനെ കയറാന്‍ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് വിഷം കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു കൊടുക്കുമ്പോൾ ഒരേ കട്ടിലില്‍ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ സംശയം കോടതിയില്‍ ഉയര്‍ത്തി.താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സോഫിയ കോടതിയില്‍ പറഞ്ഞതെങ്കിലും പ്രോസിക്യൂഷന്റെ നിരീക്ഷണങ്ങളും സാഹചര്യത്തെളിവുകളാണ് സോഫിയയെ കുടുക്കിയത്.സോഫിയ അറിയാതെ കൊലപാതകം നടക്കില്ല എന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന പ്രോസിക്യഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു.

Previous ArticleNext Article