Kerala, News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് റിപ്പോർട്ട്;ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

keralanews possibility of heavy rain in coming days red alert in six districts

തിരുവനന്തപുരം:സംസ്ഥാനത്ത് ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍കോട്,പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്.  കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണ്.അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ശക്തമായ മഴയില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം  നാലുപേർ മരിച്ചു.. ദില്‍ന ഷെറിന്‍ (ഏഴ്), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (മൂന്നര), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍, ഒരു സ്ത്രീ എന്നിവരാണു മരിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്ബ് ഒടിഞ്ഞുവീണ് വയലമ്ബം താണിയത്ത് സുരേഷ് (55) മരിച്ചു. നാട്ടുകാരും പോലീസും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. 48 അംഗ കേന്ദ്ര ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

Previous ArticleNext Article