കോഴിക്കോട്:കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തും ഉരുൾപൊട്ടൽ.കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുള്‍പൊട്ടിയത്.കോഴിക്കോട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടി മരിച്ചു.കരിഞ്ചോലയില്‍ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്.താമരശേരി, കക്കയം, സണ്ണിപ്പടി, കരിഞ്ചോല, എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതോടെ ചുരത്തിലും സമീപത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പൂനൂര് പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കോഴിക്കോട്-മൈസൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ സാഹചര്യം വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേരും. ദേശീയ ദുരന്തനിവാരണ സേനയുടെ യോഗവും ഇവിടെ നടക്കും.മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇരിട്ടി, മാക്കൂട്ടം, കൊട്ടിയൂര്‍, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇരിട്ടി-മൈസൂരു പാതയില്‍ ഗതാഗതം തടസപ്പെട്ടു. മാക്കൂട്ടം ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.