Kerala, News

പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

keralanews plus one first phase allotment list published

തിരുവനന്തപുരം:പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള  പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുൻപായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം.മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം.സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച്‌ നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.

Previous ArticleNext Article