കണ്ണൂർ:പകൽ മുഴുവനുമുള്ള അലച്ചിലിനൊടുവിൽ തെരുവോരത്ത് തലചായ്ക്കാനെത്തുന്നവർക്ക് തണലേകാനായി സാമൂഹിക നീതി വകുപ്പ് എത്തി.ഇനി മുതൽ ഇവർക്ക് മഴയെ പേടിക്കാതെ അന്തിയുറങ്ങാം.സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷാ മിഷൻ വയോമിത്രം പദ്ധതികളുടെയും നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നത്. വയോധികരും അവശരുമായ മൂന്നുപേരെയാണ് ഇന്നലെ പോലീസിന്റെ സഹായത്തോടെ മേലെ ചൊവ്വയിലെ പ്രത്യാശ ഭവനിലേക്ക് മാറ്റി പാർപ്പിച്ചത്. പത്മനാഭൻ കക്കാട്(75),കൊച്ചുണ്ണി തൃശൂർ(70),രവീന്ദ്രൻ പാലക്കാട്(64) എന്നിവരെയാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.പഴയ ബസ്സ്റ്റാൻഡ് പരിസരം,തെക്കീ ബസാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തി വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെങ്കിൽ അതിനുള്ള നടപടികളും ചെയ്യുമെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ വ്യക്തമാക്കി.വരും ദിവസങ്ങളിലും പരിശോധന തുടരും വനിതാ പോലീസിന്റെ സഹായത്തോടെ സ്ത്രീകളെയും പുനരധിവസിപ്പിക്കും. സാമൂഹികനീതി ഓഫീസർ പവിത്രൻ തൈക്കണ്ടി,കണ്ണൂർ കോർപറേഷൻ വയോമിത്രം പദ്ധതി കോ ഓർഡിനേറ്റർ കെ.പി പ്രബിത്ത്,കൺട്രോൾ റൂം എസ്‌ഐ ഐ.മോഹനൻ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.