കോഴിക്കോട്:നിപ ഭീതിയിൽ നിന്നും മുക്തമായിട്ടും ഗൾഫ് നാടുകളിലേക്കുള്ള പഴം,പച്ചക്കറി കയറ്റുമതിക്കുള്ള വിലക്ക് നീങ്ങിയില്ല.ഇതോടെ വ്യാപാരികൾക്കും വിമാന കമ്പനികൾക്കും വിമാനത്താവളത്തിലെ ചരക്ക് കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനും ദിവസേന ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.നിപ ബാധയെ തുടർന്ന് മൂന്നുപേർ മരിച്ചതോടെ മെയ് 28 നാണ് കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതിക്ക് ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയത്.കുവൈറ്റാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്.പിന്നാലെ യുഎഇ,സൗദി,ബഹ്‌റൈൻ,ഖത്തർ തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി.കോഴിക്കോട് നിന്നും ഈ രാജ്യങ്ങളിലേക്ക് ദിവസേന 55 മെട്രിക് ടൺ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്തിരുന്നത്. മെയ് മുപ്പതോടെ കയറ്റുമതി പൂർണ്ണമായും നിലച്ചു.അതേസമയം പഴം,പച്ചക്കറി കയറ്റുമതിക്കുണ്ടായ വിലക്ക് നീക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.നിപ നിയന്ത്രണ വിധേയമായതായി ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കയറ്റുമതി സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം.