കണ്ണൂർ:മായം ചേർത്ത വെളിച്ചെണ്ണ വില്പന നടത്തുന്ന വ്യാജന്മാർക്ക് തടയിടാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്.ജില്ലയിലെ വെളിച്ചെണ്ണ ബ്രാൻഡുകൾ രജിസ്റ്റർ ചെയ്യാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡും രജിസ്റ്റർ ചെയ്യാനാണ് നിർദേശം.ഒരു ലൈസൻസിൽ നാല് ബ്രാൻഡുകൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ.മായം ചേർത്ത വെളിച്ചെണ്ണ വിറ്റതിന് സംസ്ഥാനത്ത് 45 വെളിച്ചെണ്ണ ബ്രാൻഡുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.മായം ചേർത്ത വെളിച്ചെണ്ണകൾ കടകളിൽ എത്തിച്ച് ബിൽ നൽകാതെയാണ് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്.ഇത് കണ്ടെത്തുന്നതിനായാണ് വെളിച്ചെണ്ണയുടെ നിർമാണം,സംഭരണം,വിതരണം എന്നിവ നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസിനൊപ്പം അവരുടെ ബ്രാൻഡുകൾ കൂടി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.അതേസമയം ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നതോടെ മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുന്നില്ല. പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്.പ്രതികൾ പലപ്പോഴും കോടതിയിൽ പോയി രക്ഷപ്പെടുകയാണ് പതിവ്.ഇതിനാൽ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുകകൂടി ചെയ്യുന്നതിനാൽ കരുതിക്കൂട്ടി മായം ചേർക്കലിന് തടവ് ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.