കോഴിക്കോട്:നിപ വൈറസ് നിയന്ത്രവിധേയമായതായി ആരോഗ്യ വകുപ്പ്.പത്തു ദിവസമായി പുതിയ കേസ് ഒന്നും റിപ്പോർട് ചെയ്യാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അതിജാഗ്രതാനിര്‍ദേശത്തിന് അയവുനല്‍കാനും തീരുമാനമായി.രോഗം സ്ഥിരീകരിച്ച 18 പേരില്‍ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന്റെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.317 സാമ്പിളുകളിൽ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. രോഗിയോട് ഇടപഴകിയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഇന്‍ക്യുബേഷന്‍ പീരിയഡ് 21 ദിവസമാണ്. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഇവരെ 42 ദിവസം നിരീക്ഷിക്കും.നേരത്തേ 2649 പേര്‍ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയുള്ളത്. ചെവ്വാഴ്ചയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.രോഗം ഭേദമായ തിരൂരങ്ങാടി സ്വദേശി ഉബീഷിനെ ഈ മാസം 14 നും ഡിസ്ചാർജ് ചെയ്യും.. മരണമുഖത്തുനിന്നാണ് ഇരുവരും ജീവിതത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അജന്യയ്‌ക്കു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കുമ്പോഴാണ് വൈറസ് പകര്‍ന്നത്.നിപ വൈറസ് ബാധിച്ചു മരിച്ച തിരൂരങ്ങാടി കൊടക്കല്ല് സ്വദേശി ഷിജിതയുടെ ഭര്‍ത്താവാണ് ഉബീഷ്. ഒരാഴ്‌ച വീട്ടില്‍ പൂര്‍ണ വിശ്രമമെടുക്കാന്‍ ഡോക്‌ടര്‍മാര്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരുമാസക്കാലം മറ്റ് അസുഖങ്ങള്‍ വരാന്‍ പാടില്ല. സന്ദര്‍ശക ബാഹുല്യം പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.