കണ്ണൂർ:ജില്ലയിൽ ഇൻഡേൻ പാചകവാതക ക്ഷാമം രൂക്ഷം.പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷനും ട്രക്കുടമകളും തമ്മിലുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് പ്രതിസന്ധി തുടങ്ങിയത്.മുൻവർഷത്തേക്കാൾ കുറഞ്ഞ തുകയ്ക്ക് ലോഡുകൾ വിതരണം ചെയ്യാൻ ട്രക്കുടമകൾ വിസമ്മതിച്ചതോടെ മാർച്ചിൽ കരാർ തീർന്ന ട്രക്കുകളുടെ കാലാവധി പുതുക്കാൻ ഐ.ഓ.സി തയ്യാറായില്ല.ഇതേ തുടർന്ന് പ്ലാന്റിൽ നിന്നും ഗ്യാസ് ഏജന്സികളിലേക്ക് യഥാസമയം സിലിണ്ടറുകൾ എത്തിക്കാൻ സാധിക്കുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.പുതിയ കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായാൽ മാത്രമേ പാചകവാതക വിതരണം സാധാരണ നിലയിലെത്തൂ.ഇൻഡെയ്‌ൻ പാചകവാതക വിതരണ കേന്ദ്രത്തിലേക്ക് ലോഡുകളെത്തിയിട്ട് ദിവസങ്ങളായി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മലപ്പുറം ചേളാരി പ്ലാന്റിൽ നിന്നുള്ള ലോഡുകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.എന്നാൽ മൈസൂരു, എറണാകുളം എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നും പാചകവാതകം എത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നുമില്ല.നാൽപതു ദിവസം മുൻപ് ബുക്ക് ചെയ്തവർക്കുപോലും ഗ്യാസ് എത്തിക്കാൻ കഴിയുന്നില്ലെന്ന് കണ്ണൂരിലെ ഒരു ഗ്യാസ് ഏജൻസി ഉടമ പറഞ്ഞു.ഇതുമൂലം ഉപഭോക്താക്കളുടെ ഭീഷണിയും അസഭ്യവർഷവും ഏജൻസികളിൽ പതിവാകുകയാണ്.