കോട്ടയം:കേരള കോണ്‍ഗ്രസ് -എമ്മിനു ലഭിച്ച രാജ്യസഭ സീറ്റിൽ പാർട്ടി വൈസ് ചെയർമാനും കോട്ടയം എംപിയുമായ ജോസ് കെ. മാണി സ്ഥാനാർഥിയാകും. ഇന്നലെ രാത്രി പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തിരുമാനമെടുത്തത്.നിലവിൽ കോട്ടയത്ത് നിന്നുള്ള ലോക്‌സഭംഗമാണ് ജോസ് കെ മാണി. കെ.എം മാണിയോ ജോസ്.കെ.മാണിയോ അല്ലാതെ ഒരു സ്ഥാനാർഥിയെയും അംഗീകരിക്കില്ലെന്ന കടുംപിടുത്തത്തിലായിരുന്നു പി.ജെ ജോസഫ് വിഭാഗം.ഇതോടെ മാണി വിഭാഗത്തിൽ നിന്നും സ്ഥാനാർഥിപട്ടികയിൽ ഉണ്ടായിരുന്ന തോമസ് ചാഴികാടൻ,സ്റ്റീഫൻ ജോർജ് എന്നിവരുടെ സാധ്യത ഇല്ലാതായി.തുടർന്ന് രാത്രി പത്തരയോടെ ജോസഫ് തന്നെയാണ് ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.ഇന്നലെ യുഡിഎഫ് യോഗത്തിൽപങ്കെടുത്ത ശേഷം വൈകുന്നേരത്തോടെയാണു പാർട്ടി ചെയർമാൻ കെ.എം.മാണി പാലായിലെത്തിയത്. പാലായിലെ റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിന്‍റെ നിർമാണോദ്ഘാടനത്തിനുശേഷമാണ് കെ.എം.മാണിയും ജോസ് കെ.മാണിയും സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയത്. യോഗത്തിനു മുന്പ് രഹസ്യ കേന്ദ്രത്തിൽ കെ.എം.മാണിയും ജോസ് കെ.മാണിയും പി.ജെ.ജോസഫുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുമെന്നും ഇക്കാര്യത്തിൽ ഇഷ്ടമോ അനിഷ്ടമോ ഇല്ലെന്നും ജോസ്.കെ.മാണി പ്രതികരിച്ചു.