ന്യൂഡൽഹി:തപാൽ ജീവനക്കാർ കഴിഞ്ഞ 16 ദിവസമായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക്(ജി.ഡി.എസ്) ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനു ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നിങ്ങനെ രണ്ടു തസ്തികകളാക്കി തിരിച്ചാണ് ശന്പള പരിഷ്കരണം നടപ്പാക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12,000 രൂപയും അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 10,000 രൂപയും ഇനി കുറഞ്ഞ ശമ്പളമായി ലഭിക്കും.റിസ്ക് ആന്‍റ് ഹാൻഡ്ഷിപ്പ് അലവൻസ് എന്ന നിലയിൽ അധിക ബത്തയും ഇനി ഇവർക്ക് ലഭിക്കും. രാജ്യത്തെ 3.07 ലക്ഷം തപാൽ ജീവനക്കാർക്കാണ് കേന്ദ്ര സർക്കാരിന്‍റെ ശമ്പള വർധനവ് വഴി ഗുണം ലഭിക്കുക.2016 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുക.കുടിശ്ശിക ഒറ്റതവണയായി നൽകും.ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി 2018-19 വർഷ കാലയളവിൽ 1,257.75 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് വരുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.