തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണത്തെ കുറിച്ച് സഭ നിർത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനറും ഉയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഈ വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നും അതിനാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് റൂളിംഗ് നല്കി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങിയത്. അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നാണ് സഭ നിറുത്തിവയ്ക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്. അതേസമയം, വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് മന്ത്രി എ.കെ.ബാലൻ സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോഴാണ് നിയമമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഇപ്പോൾ അടിയന്തര പ്രാധാന്യമെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷം വീണ്ടും ബഹളം വച്ചതോടെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.