Kerala, News

പയ്യാമ്പലം ശ്മശാനത്തിലെ അസൗകര്യം; കോർപറേഷൻ യോഗത്തിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി

keralanews inconvenience in the payyambalam grave yard the protesters rushed in to the corporation meeting

കണ്ണൂർ:പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിലേക്ക് ഒരു സംഘം ഇരച്ചുകയറി.മേയറും ഭരണകക്ഷി അംഗങ്ങളുമായി വാക്കേറ്റത്തിലേർപ്പെട്ട സംഘം അരമണിക്കൂറോളം സഭാനടപടികൾ തടസപ്പെടുത്തി.ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും മുതിർന്ന കൗൺസിലർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ് 18 വർഷമായി ചികിത്സയിലിരിക്കെ മരിച്ച വാരം സ്വദേശിയായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് എത്തിയപ്പോഴാണ് വിറകും ചിരട്ടയും ഇല്ലെന്ന് അറിയുന്നത്. ഇതോടെ നാട്ടുകാർ ക്ഷുഭിതരായി. ഇതേസമയം മറ്റ് നാലു മൃതദേഹങ്ങൾ കൂടി പയ്യാമ്പലത്ത് ദഹിപ്പിക്കാനായി എത്തിച്ചിരുന്നു.സംഘർഷസാധ്യത കണക്കിലെടുത്ത് ടൗൺ പോലീസും സ്ഥലത്തെത്തി.തുടർന്ന് നാട്ടുകാർ തന്നെ വിറകും ചിരട്ടയും എത്തിക്കുകയായിരുന്നു. ഇതിനിടെ കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് ഡിസിസി സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂർ, ടി.എ. ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽപ്പെട്ട 35ഓളം പ്രതിഷേധവുമായി യോഗം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നു. മുദ്രാവാക്യം വിളികളോടെയെത്തിയ ഇവർ മേയറോടും കോർപറേഷൻ അംഗങ്ങളോടും കയർത്തു സംസാരിച്ചു.ശവദാഹത്തിന് വിറകുപോലും എത്തിക്കാൻ സാധിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇതോടെ മേയറും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി.പ്രതിഷേധക്കാർ വിറകും ചിരട്ടയും നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞു മുദ്രാവാക്യം മുഴക്കി.കോർപറേഷൻ അംഗങ്ങളിൽ ചിലർ പ്രതിഷേധക്കാരോടും തട്ടിക്കയറി.ഇതിനിടെ സിപിഎം കൗൺസിലർ സി. രവീന്ദ്രനും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി.ഇതോടെ ഭരണപക്ഷത്തുള്ള മറ്റ്കൗൺസിലർമാരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. നടുത്തളത്തിൽ പ്രതിഷേധക്കാരും കൗൺസിലർമാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു.ഇതിനിടയിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹാളിലേക്ക് എത്തി. പിന്നീട് പോലീസും മുതിർന്ന കൗൺസിലർമാരും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഹാളിൽ നിന്നു പുറത്താക്കുകയായിരുന്നു.

Previous ArticleNext Article