കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ.ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതോടൊപ്പം കോഴിക്കോട് ജില്ലയിൽ 2400 ഉം മലപ്പുറം ജില്ലയിൽ 150 ഉം റേഷൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. സർവകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 12 വരെ അവധിയായിരിക്കും.ജൂൺ 30 വരെ ജില്ലയിൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.നിപ ചികിത്സ,പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കുചേർന്നു സാമൂഹ്യ,ആരോഗ്യ പ്രവർത്തകരെ മുഖ്യമന്ത്രിയും മറ്റു നേതാക്കളും അഭിനന്ദിച്ചു.നിപ പ്രതിരോധത്തിനുള്ള സർക്കാർ നടപടികളോട് പൂർണ്ണമായും യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.നിപ വൈറസിന്റെ രണ്ടാം ഘട്ടത്തിൽ രോഗം പടരുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മുഴുവനും ജില്ലയിൽ തുടരും.വിദേശ യാത്രയ്ക്ക് വിലക്കുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.