പയ്യന്നൂര്‍: എട്ടിക്കുളത്ത് എപി-ഇകെ വിഭാഗം സുന്നികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ എസ്ഐക്കും പോലീസുകാരനുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് ജീപ്പുള്‍പ്പെടെ രണ്ടു ജീപ്പുകളും കാറും നിരവധി ഇരുചക്ര വാഹനങ്ങളും തകര്‍ത്തു.ഇരുവിഭാഗത്തിൽപ്പെട്ട പത്തിലേറെ പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 300ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. 35 ബൈക്കുകളും കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. എപി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുമുഅ തുടങ്ങാനുള്ള നീക്കം ഇകെ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം രൂക്ഷമായപ്പോള്‍ പിരിഞ്ഞുപോകാനാവശ്യപ്പെട്ട പോലീസിനുനേരേ കല്ലേറുണ്ടായതോടെയാണ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവുമുണ്ടായത്. സംഘർഷത്തിനിടെ പഴയങ്ങാടി എസ്ഐ ബിനു മോഹൻ,പഴയങ്ങാടി സി.പി.ഒ അനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു.പഴയങ്ങാടി പോലീസിന്റെ ജീപ്പും അക്രമികൾ അടിച്ചു തകർത്തു.നിരവധി സ്കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്നും തകര്ക്കപ്പെട്ടവയുള്പ്പെടെ 35 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എട്ടിക്കുളത്തെ താജുല്‍ ഉലമ മഖാമില്‍ പുതുതായി വെള്ളിയാഴ്ച നിസ്കാരമായ ജുമുഅ തുടങ്ങാനുള്ള ശ്രമം നിലവിലുള്ള പള്ളിയിലെ വിശ്വാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും തടസപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ നിസ്കാരം ആരംഭിക്കാനുള്ള നീക്കം ഇകെ വിഭാഗക്കാര്‍ തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ പ്രശ്നമാണ് ഇന്നലെ ലാത്തിച്ചാര്‍ജിൽ കലാശിച്ചത്.സംഭവമറിഞ്ഞ് ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി സ്ഥലത്തെത്തി ക്രമസമാധാനപാലനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
Kerala, News
പയ്യന്നൂർ എട്ടിക്കുളത്ത് സുന്നി എ.പി,ഇ.പി വിഭാഗങ്ങൾ ഏറ്റുമുട്ടി,പോലീസുകാർക്ക് പരിക്ക്
Previous Articleതലശ്ശേരി സ്വദേശിനിയുടെ മരണം നിപ ബാധിച്ചല്ലെന്ന് സ്ഥിതീകരണം