കോഴിക്കോട്:നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതപ്പെടുന്ന മരുന്ന് ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലെത്തിച്ചു.ഹ്യൂമന്‍ മോണോക്ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിെലത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നൽകിത്തുടങ്ങുകയുള്ളൂ. അതേസമയം നിപ ചികിത്സയില്‍ പ്രത്യാശ നല്‍കിക്കൊണ്ട് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിക്ക് അസുഖം ഭേദമായി. പുതുതായി ഇവരിൽ നടത്തിയ പരിശോധനയില്‍ നിപ ബാധയില്ലെന്നാണ് ഫലം. ഗുരുതരാവസ്ഥയില്‍നിന്ന് ഇവരുടെ തലച്ചോറും ഹൃദയവും സാധാരണ നിലയിലേക്ക് വന്നതായി ചികിത്സക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.നിപ രോഗികള്‍ക്ക് നല്‍കാനായി എത്തിച്ച റിബവൈറിൻ മരുന്നും അനുബന്ധ ചികിത്സയുമാണ് വിദ്യാര്‍ഥിനിക്ക് നല്‍കിയിരുന്നത്.