കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ രണ്ടു ദിവസത്തിനിടെ മൂന്നുപേർ കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.മേയ് അഞ്ച്, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ 0495-2381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ്പാ സെല്ലുമായി ഫോണിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ വ്യക്തമാക്കി.