കണ്ണൂർ:കണ്ണൂർ അഴീക്കലിൽ നിന്നും മഹാരാഷ്ട്രയിലേക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങുന്നതിനിടെ കർണാടകയിലെ മാൽപയിൽ കടൽക്ഷോഭത്തിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു.കന്യാകുമാരി സ്വദേശികളായ അരുൾ രാജ്(21),പുഷ്പ്പരാജ്(27) എന്നിവർക്കായുള്ള തിരച്ചിലാണ് തുടരുന്നത്.പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ട്.ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ സെബാസ്റ്റ്യൻ, ആന്റണി,ശ്രീജൻ, തിരുവനന്തപുരം സ്വദേശിയായ തദേയൂസ് എന്നിവരെ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.തമിഴ്‌നാട്ടിൽ നിന്നുള്ള എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.കണ്ണൂർ മറൈൻ എൻഫോഴ്‌സ്‌മെന്റാണ് അപകട വിവരം കോസ്റ്റ് ഗാർഡിനെ അറിയിച്ചത്.എയ്ഞ്ചൽ ഫസ്റ്റ് എന്ന ബോട്ടിനൊപ്പം മത്സ്യബന്ധനത്തിന് പോയ എയ്ഞ്ചൽ സെക്കന്റ് എന്ന ബോട്ടിലെ ഒൻപതു ജീവനക്കാരും സുരക്ഷിതരായി കരയ്ക്കണഞ്ഞു.മാൽപ തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.കർണാടകയിൽ മെയ് 30 ന് ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനാൽ അതിനു മുന്പായി കർണാടക സമുദ്രാതിർത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു മൽസ്യത്തൊഴിലാളികൾ.