ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരേയുള്ള ജനകീയസമരം ഒടുവിൽ വിജയിച്ചു. കടുത്ത പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തുടർനടപടികൾക്കു മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശവും നൽകി.പരിസ്ഥിതി നിയമങ്ങൾ ആവർത്തിച്ചു ലംഘിക്കുന്ന കമ്പനി തൂത്തുക്കുടിയിലും പരിസരത്തും കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് അടച്ചുപൂട്ടുന്നതെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.1996 ലാണ് തൂത്തുക്കുടിയിൽ കമ്പനി പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷത്തിനുശേഷം പൂർണതോതിലേക്കു വളർന്നു. കമ്പനിയിൽ നിന്ന് ഇന്ധനം ചോരുന്നതിനു പുറമേ സമീപവാസികൾക്ക് ശ്വാസതടസം, ശരീരത്തിലെ ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉടലെടുത്തതോടെ മുൻമുഖ്യമന്ത്രി ജയലളിത പ്ലാന്റ് പൂട്ടാൻ നിർദേശം നൽകി. എന്നാൽ 2015 ൽ കമ്പനി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ സമരം ശക്തമാവുകയായിരുന്നു.കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നാളുകളായി തുടരുന്ന സമരത്തിന്റെ നൂറാംദിനമായ കഴിഞ്ഞ 22 നു പ്രതിഷേധക്കാർക്കുനേരേ നടന്ന വെടിവയ്പിൽ 13 പേർ മരിച്ചിരുന്നു.