കോട്ടയം: കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ ബന്ധുക്കളായ റിയാസ്, ഇഷാന്‍,ഡിവൈഎഫ്ഐ പ്രവർത്തകൻ നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാന്നാനത്ത് നിന്ന് ഇന്നലെ ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെന്‍മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.അതേസമയം, കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്ത് എത്തിച്ചു. നേരത്തേ കെവിന്റെ മൃതശരീരം ഇന്‍ക്വസ്റ്റ് ചെയ്ത ചാലിയേക്കരയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. കെവിന്റെ ബന്ധുക്കള്‍ ഡി.എം.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക. അതേസമയം കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.കെവിനൊപ്പം അനീഷിനെയും ഇന്നലെ സംഘം തട്ടിക്കൊണ്ടു പോയിരുന്നു.