കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റ്യാടി നരിപ്പറ്റ സ്വദേശിനി കല്യാണി(62) ആണ് മരിച്ചത്.ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ നിപ ബാധിച്ച് മരിച്ച ജാനകിയുടെ ബന്ധുവാണ് കല്യാണി.നിപ സ്ഥിരീകരിച്ച മൂന്ന് പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.അതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ചികിത്സയിലുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധനയില്‍ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതല്‍ പേര്‍ക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശി സിന്ധുവിന്റെ ഭര്‍ത്താവ് സുബ്രഹ്മണ്യന് അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. എന്നാല്‍ ലക്ഷണം പ്രകടമാകാന്‍ നാലു മുതല്‍ 21 വരെ ദിവസം വേണ്ടിവരുമെന്നതിനാല്‍ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.