കോഴിക്കോട്:നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധന ഫലം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് മാരകമായ പകർച്ചവ്യാധിക്കു കാരണം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.നിപ്പ ബാധയെ തുടർന്ന് മരിച്ച ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച വവ്വാലുകളുടേതുൾപ്പെടെ 21 വവ്വാലുകളുടെ സാമ്പിളുകളാണ് ഭോപ്പാലിലെ നാഷണൽ ഇസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.ഈ ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്റ്റർ ഡോ.എൻ.എൻ ശശി പറഞ്ഞു.ഇതോടെ വൈറസ് എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടി വരും.വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ട സാബിത്തിനു രോഗബാധ എങ്ങനെ ഉണ്ടായി എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.മെയ് അഞ്ചിനാണ് സാബിത്ത് പനിബാധിച്ച് മരണമടഞ്ഞത്.നിപ്പ ബാധയെ തുടർന്നാണ് മരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനമെങ്കിലും സാബിത്തിന്റെ രക്ത സാമ്പിളുകൾ പരിശോധിച്ചിരുന്നില്ല.പിന്നീടാണ് സാബിത്തിന്റെ സഹോദരൻ സാലിഹും പിതാവ് മൂസയും നിപ ബാധിച്ച് മരിച്ചത്. ഇവരുടെ താമസ സ്ഥലത്തുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ശേഷമാണ് മൂവർക്കും പനി ബാധിച്ചതെന്നാണ് കരുതിയിരുന്നത്.ഇതിനാലാണ് ഇവരുടെ കിണറ്റിലുള്ള വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിച്ചത്.വവ്വാലുകളുടെ തൊണ്ടയിൽ നിന്നുള്ള സ്രവം,രക്തം,കാഷ്ടം എന്നിവയാണ് പരിശോധനയ്ക്കായി അയച്ചത്.പന്നികളുടെ മൂക്കിൽ നിന്നുള്ള സ്രവം,രക്തം എന്നിവയും ആടിന്റേയും പശുവിനെയും രക്തസാമ്പിളുകൾ എന്നിവയും പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതും നെഗറ്റിവാണ്.വളർത്തുമൃഗങ്ങളിൽ നിന്നല്ല നിപ ബാധിച്ചതെന്ന് തെളിയിക്കുന്നതാണ് പരിശോധന ഫലം.ഇതോടെ മരിച്ച സാബിത്തിന്റെ യാത്ര വിവരവും പൂർവ്വസാഹചര്യവും അന്വേഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.