ബെംഗളൂരു:കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് നേടി.117 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.സർക്കാർ വിശ്വാസ വോട്ട് നേടിയതായി സ്പീക്കർ കെ.ആർ രമേശ് കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു.പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ 104 അംഗങ്ങളും വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങി പോയി.വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ കുമാരസ്വാമി നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ ശേഷമാണ് യെദ്യൂരപ്പ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹം.ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു. കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു.അതേസമയം കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഡി.കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്യൂരപ്പ ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടി വരുമെന്നും പറഞ്ഞു.എന്നാൽ തനിക്കെതിരായ യെദ്യൂരപ്പയുടെ പ്രസ്താവനയ്ക്ക് ചിരിക്കുക മാത്രമാണ് ശിവകുമാർ ചെയ്തത്.