ബെംഗളൂരു:കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.ബുധനാഴ്ച്ച വൈകിട്ട് ചേരുന്ന യോഗത്തിൽ ഇരുപാർട്ടികളും ക്യാബിനറ്റിനെ കുറിച്ച് അന്തിമരൂപമുണ്ടാക്കും.സംസ്ഥാനത്തെ 34 മന്ത്രിമാരിൽ 22 എണ്ണം കോൺഗ്രസിനും മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ ജെഡിഎസിനുമാണ് ലഭിക്കുക.അവശേഷിക്കുന്ന മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം തീരുമാനിക്കും.അതേസമയം ഇന്ന് സത്യപ്രതിജ്ഞ നടക്കാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.പാർട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നും ശാന്താറാം അറിയിച്ചു. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികൾ പാർട്ടി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും.ബിജെപിയുടെ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.