തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’(The Hand YoU Need For Assistance) സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പോർട്ടൽ വഴി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് വഴി പരാതികളും മറ്റ് അപേക്ഷകളും പോലീസ് സ്റ്റേഷൻ /ഓഫീസുകളിൽ സമർപ്പിക്കാവുന്നതും മറുപടി സ്വീകരിക്കാവുന്നതുമാണ്.തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏത് സ്‌റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. www.thuna.keralapolice.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യണം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും ഇതിലൂടെ സാധിക്കും.പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌ഐആര്‍ പകര്‍പ്പ് ഓൺലൈനായി ഈ പോർട്ടലിലൂടെ ലഭിക്കും. പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്.സമ്മേളനങ്ങൾ,കലാപരിപാടികൾ, സമരങ്ങൾ,ജാഥകൾ,പ്രചാരണ പരിപാടികൾ എന്നിവ നടത്തുന്നതിന് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കാൻ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയകരമായി സാഹചര്യത്തില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍, എന്നിവയെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പൊലീസ് മാന്വല്‍, സ്റ്റാന്റിങ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി എന്നിവയും സൈറ്റില്‍ ലഭിക്കും.പരാതികൾ സമർപ്പിക്കുന്നതിനെ കുറിച്ചും പോലീസ് സേവനങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള സൗകര്യവും ഈ പോർട്ടൽ വഴി ലഭ്യമാകും.പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിനെ സാങ്കേതികവിദ്യയില്‍ മുന്നിലെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ സംവിധാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.